കൊച്ചി: വെള്ളിത്തിരയില്‍ സൂപ്പര്‍ഹിറ്റുകളുടെ ഇന്ദ്രജാലം തീര്‍ത്ത സിദ്ദിക്കും ലാലും കേരകൃഷിയുടെയും ഇളനീരിന്റെയും പ്രചാരണത്തിനായി ഒന്നിക്കുന്നു. ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ ശീതളപാനീയങ്ങള്‍ക്ക് പകരം പ്രകൃതിയുടെ വരദാനമായ ഇളനീര്‍ കുടിക്കുന്നതിന് പ്രചാരം വര്‍ധിപ്പിക്കുകയാണ് പ്രധാനലക്ഷ്യം. ഇളനീരടക്കമുള്ള കേരോത്പന്നങ്ങളുടെ പ്രചാരണത്തിന് നാളികേര വികസന ബോര്‍ഡ് ഇതാദ്യമായി സിനിമാതാരങ്ങളുടെ സഹകരണത്തോടെ പരസ്യചിത്രങ്ങളും മറ്റും തയ്യാറാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരും കേരളത്തിന്റെ ആരോഗ്യരക്ഷയ്ക്കും തെങ്ങുകൃഷിക്കും വേണ്ടി ഒത്തുചേരുന്നത്.
തെങ്ങുകൃഷിയെ രക്ഷിക്കുന്നതിന് ബോര്‍ഡ് നാളികേര ഉത്പാദക സമിതികള്‍ രൂപവത്കരിച്ച് വരികയാണ്. ഇതോടൊപ്പം തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കുന്നതിന് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്ന പദ്ധതിയും നടപ്പാക്കിവരികയാണ്. ഈ പദ്ധതികള്‍ക്ക് ഊര്‍ജം പകരാനും ഇളനീരടക്കമുള്ള കേരോത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനുമാണ് സിനിമാതാരങ്ങളുടെ സേവനം തേടിയതെന്ന് ചെയര്‍മാന്‍ ടി.കെ. ജോസ് 'മാതൃഭൂമി'യോട് പറഞ്ഞു.
ഇവരെ ഉപയോഗപ്പെടുത്തി പരസ്യചിത്രങ്ങളും മറ്റും നിര്‍മിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇപ്പോള്‍ കേരളത്തിന്റെ കായികറാണി പി.ടി. ഉഷയെ ഉള്‍പ്പെടുത്തിയുള്ള ബോര്‍ഡിന്റെ പരസ്യങ്ങളുണ്ട്. ആശയം അറിഞ്ഞയുടന്‍ സിദ്ദിക്കുമായും ലാലുമായും ബന്ധപ്പെടുകയായിരുന്നുവെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാനും സിനിമാ നിര്‍മാതാവും നടനും സംവിധായകനുമായ മാണി സി.കാപ്പന്‍ പറഞ്ഞു. ഇരുവരും സന്തോഷത്തോടെ ഇത് സ്വീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.
കൃത്രിമ ശീതളപാനിയങ്ങള്‍ക്ക് പകരം പ്രകൃതിദത്തമായ ഇളനീര്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരുമിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യചിത്രം നിര്‍മാക്കാനാണ് തുടക്കത്തില്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും പിന്നീട് ടി.വി. ചാനലുകളില്‍ നല്‍കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. സിദ്ദിക്ക് ഇത് സംവിധാനം ചെയ്യുകയും ലാല്‍ അഭിനയിക്കുകയും ചെയ്യും. സിനിമാ സംബന്ധമായ തിരക്കൊഴിയുന്ന സമയം ഇതിന്റെ ജോലി തുടങ്ങും.
കേരളത്തിന്റെ സ്വന്തം കേരകൃഷിയുടെയും ഇളനീരിന്റെയും പ്രചാരണത്തിന് കഴിവ് ഉപയോഗപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ഇപ്പോള്‍ മുംബൈയിലുള്ള സിദ്ദിക്ക് പറഞ്ഞു. പ്രൊജക്ട് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. സംവിധാനം നിര്‍വഹിക്കുമെങ്കിലും അഭിനയിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന് പ്രതിഫലവും വാങ്ങില്ല -അദ്ദേഹം പറഞ്ഞു. ഒരു മലയാളിയുടെ കടമ എന്ന നിലയിലാണ് തെങ്ങുമായി ബന്ധപ്പെട്ട പ്രചാരണ ചിത്രത്തില്‍ അഭിനയിക്കാന്‍ സന്നദ്ധനായതെന്ന് ലാല്‍ പറഞ്ഞു.
നല്ല ഉദ്ദേശ്യത്തോടെയുള്ള ഈ സംരംഭവുമായി സഹകരിക്കുന്നതില്‍ സന്തോഷവുമുണ്ട് -അദ്ദേഹം വ്യക്തമാക്കി. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിവഴി ഇതേവരെ 3119 പേര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. എല്ലാ ജില്ലകളിലുമുള്ള ഉത്പാദക സമിതികളുമായി ബന്ധപ്പെട്ട് ഇവര്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ തെങ്ങുകയറ്റത്തിന് ആളെ കിട്ടാത്തപ്രശ്‌നവും വിപണനത്തിലെ പ്രശ്‌നങ്ങളും ഏറെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
courtesy:Mathrubhumi
No comments:
Post a Comment