പ്രൊഫ. എം.സി. ബാലകൃഷ്ണന്‍
ഭാര്യ ഹേമ ടീച്ചര്‍
മകള്‍ സുമിത്ര
ഒരു ചെറിയ കുടുംബമാണത്.
പ്രൊഫസര്‍ ബാലകൃഷ്ണന്‍ ഒരു സസ്യഭുക്കാണ്. സസ്യാഹാരങ്ങള്‍ കഴിക്കുന്നതില്‍ മാത്രമല്ല, പാചകം ചെയ്യുന്നതിലും അദ്ദേഹം വളരെ താത്പര്യം കാണിച്ചുപോരുന്നു. അദ്ദേഹം ഒരു നല്ല വെപ്പുകാരനാണ് എന്ന് എല്ലാവര്‍ക്കും അറിയാം. സസ്യാഹാരങ്ങളേയും ഇലകളേയും കായകളേയും പൂവുകളേയും കുറിച്ച് സംസാരിച്ചു തുടങ്ങിയാല്‍ ബാലകൃഷ്ണന്‍ നിര്‍ത്തുകയില്ല. കേട്ടിരിക്കുന്നവര്‍ക്ക് തോന്നും അദ്ദേഹം ബോട്ടണിയാണ് പഠിപ്പിക്കുന്നതെന്ന്(അദ്ദേഹം മലയാളം പ്രൊഫസറാണ്). ഇലകളേയും കായകളേയും പൂവുകളേയും കിഴങ്ങുകളേയും പാചകം ചെയ്യുവാനുള്ള ചേരുവകളായി മാത്രമേ ബാലകൃഷ്ണന്‍ കാണുന്നുള്ളൂ. പച്ചടിയും അവിയലും തീയലും മെഴുക്കുപുരട്ടിയും മറ്റും വെക്കുവാന്‍ ആവശ്യമായ ഇലകളേയും കായകളേയും കുറിച്ച് മാത്രമേ അദ്ദേഹത്തിന് അറിവുള്ളൂ. കണ്ണിമാങ്ങ എന്ന് കേള്‍ക്കുമ്പോള്‍ മുകളില്‍ എള്ളെണ്ണ ഊറിക്കിടക്കുന്ന അച്ചാറാണ് അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞുവരിക. വിഷുപ്പുലര്‍ച്ചയ്ക്ക് കണിവെക്കുവാന്‍ കൊന്നപ്പൂവ് മാത്രം പോരാ കണ്ണിമാങ്ങയും വേണം എന്ന അറിവ് എങ്ങനെയോ ബാലകൃഷ്ണനില്‍നിന്നു ചോര്‍ന്നുപോയിരുന്നു.
ഹേമ ടീച്ചര്‍ ഷിഫ്റ്റ് കഴിഞ്ഞ് സ്‌കൂളില്‍നിന്ന് വരുമ്പോഴേയ്ക്ക് ഒരു മുളകോഷ്യം വെക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രൊഫസര്‍. മുന്‍പ് വ്യവസായശാലകളിലെ തൊഴിലാളികള്‍ക്കായിരുന്നു ഷിഫ്റ്റ് -ഇപ്പോള്‍ അധ്യാപകര്‍ക്കും ഷിഫ്റ്റ്. മത്തന്‍ ചെറിയ കഷ്ണങ്ങളായി അരിഞ്ഞിടുന്നതിനിടയില്‍ പ്രൊഫസര്‍ സ്വയം പറഞ്ഞു. അദ്ദേഹം കിണറ്റിനരികില്‍ തഴച്ചുവളര്‍ന്നു നില്ക്കുന്ന കറിവേപ്പിലയില്‍നിന്ന് രണ്ടുമൂന്ന് ഇലകള്‍ പൊട്ടിച്ചെടുത്ത് തിരികെ വന്നു. വെളിച്ചെണ്ണ ചൂടായിരിക്കുന്നു. മുളകോഷ്യത്തിന് സ്വാദ് കിട്ടേണമെങ്കില്‍ അപ്പോള്‍ പോയി പൊട്ടിച്ച കറിവേപ്പില വേണം.
മുളകോഷ്യം വാങ്ങിവെച്ച് കൈകഴുകുമ്പോള്‍ ഫോണ്‍ ശബ്ദിച്ചു. അദ്ദേഹം കൈകള്‍ വെള്ളം നിറഞ്ഞ സിങ്കില്‍ ഇട്ട്, ധിറുതിയില്‍ ഫോണിനടുത്തേക്ക് ചെല്ലുവാന്‍ ഭാവിച്ചു. ഒരു നിമിഷനേരത്തേക്ക് തന്റെ കൈകള്‍ പാത്രങ്ങളാണ് എന്ന് അദ്ദേഹം ധരിച്ചുപോയിരിക്കണം. അല്ലെങ്കില്‍ എങ്ങനെ കൈകള്‍ സിങ്കില്‍ ഇടും?
'എടോ പ്രൊഫസറേ, എന്താ ഇതിന്റെ അര്‍ഥം? എന്തായാലും ഇത് ഇത്തിരി കൂടിപ്പോയി.'
പ്രൊഫ. ബാലകൃഷ്ണന്റെ സഹപ്രവര്‍ത്തകന്‍ പ്രൊഫ. കര്‍ത്താവായിരുന്നു അത്. അദ്ദേഹവും പെന്‍ഷനായി വീട്ടിലിരിക്കുകയാണ്. പക്ഷേ, അദ്ദേഹത്തിന് വെപ്പുപണിയില്‍ ഒട്ടും താത്പര്യമില്ലായിരുന്നു.
'എന്താ കര്‍ത്താവ് പറയുന്നത്? മനസ്സിലായില്ല.'
'പ്രൊഫസറ് ഫാഷന്‍ മാസിക കണ്ടോ?
'ഞാന്‍ സ്ത്രീകളുടെ മാസികകള് വായിക്കാറില്ല.'
'പിന്നെ പ്രൊഫസര്‍ എങ്ങനെയാ ഇത്ര വലിയ വെപ്പുകാരനായത്? അത് പെണ്ണുങ്ങളുടെ പണിയല്ലേ?'
'കര്‍ത്താവ് കാര്യം പറയ്.'
'സുമിത്രേടെ ഫോട്ടോ ഉണ്ട് ഫാഷന്‍ മാസികേല്.'
'അത് ആദ്യമായല്ലല്ലോ കര്‍ത്താവേ?'
ഉള്ളിലെ സന്തോഷം അടക്കിവെച്ചുകൊണ്ട് ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതിനു മുന്‍പ് ഫെമിനയിലും സൊസൈറ്റി മാഗസിനിലും സുമിത്രാ ബാലകൃഷ്ണന്റെ പടം വരികയുണ്ടായി. അത് പ്രൊഫസര്‍ കര്‍ത്താവിനും അറിയുന്നതാണ്. ഹേമ ടീച്ചര്‍ ആ മാസികകള്‍ സ്‌കൂളില്‍ കൊണ്ടുപോയി ടീച്ചേഴ്‌സ് റൂമിലും ലൈബ്രറിയിലും ഇരിക്കുന്ന എല്ലാവരെയും കാണിക്കുകയുണ്ടായി. മകളുടെ ഫോട്ടോ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ വരുമ്പോള്‍ ഏത് അമ്മയാണ് അതില്‍ അഭിമാനിക്കാതിരിക്കുക? വിവരം അറിഞ്ഞ് ഹെഡ്മാസ്റ്റര്‍ എ.സി.പി. ശങ്കരന്‍ നമ്പിയാര്‍പോലും ടീച്ചറുടെ അരികില്‍ വന്ന് അവരെ അനുമോദിക്കുകയുണ്ടായി. ഒരു കണ്ണിന് തകരാറുള്ള ഹെഡ്മാസ്റ്റര്‍ ആരുടെ സന്തോഷവും പങ്കിടാത്ത ഗൗരവക്കാരനാണ്.
കൈയില്‍ ഫോണിന്റെ റസീവറുമായി നില്ക്കുന്ന ബാലകൃഷ്ണന്‍ അതെല്ലാം ഓര്‍ത്തുപോയി.
'പ്രൊഫസറെ, നിങ്ങളുടെ മോളുടെ ഫോട്ടോ മാസികകളില് വരുന്നതില് ഞങ്ങള്‍ക്കെല്ലാം സന്തോഷമേയുള്ളൂ. പക്ഷേ, ഇത് അങ്ങനേള്ള ഒരു ഫോട്ടോ അല്ല.'
'കര്‍ത്താവ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല.'
'എങ്ങനേയാ പ്രൊഫസറോട് ഞാനത് പറയ്ാ?'
'നിങ്ങള് കാര്യം ന്താന്ന്ച്ചാല് പറയ്യ് കര്‍ത്താവേ. എന്തിനാ ഈ വളച്ചുകെട്ട്? നമ്മള് കുട്ട്യോളല്ലല്ലോ? നമ്മള് റിട്ടയറായ പ്രൊഫസര്‍മാരാ. കാര്യംപറയീന്‍.'
'അതുകൊണ്ട് തന്നെയാ കാര്യം പറയാന്‍ എനിക്ക് മടി. നമ്മള് പ്രൊഫസര്‍മാരായതുകൊണ്ട്.'
'കര്‍ത്താവേ, നിങ്ങളെക്കൊണ്ട് ഞാന്‍ തോറ്റു.'
പ്രൊഫസര്‍ ബാലകൃഷ്ണന്റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു. വെപ്പ് കഴിഞ്ഞ മുളകോഷ്യം അടച്ചുവെച്ചിട്ടില്ലെന്നും അതുകൊണ്ട് അതിന്റെ മണവും രുചിയും പോകുമെന്നും അയാള്‍ ഭയന്നു.
'മാസിക ഞാന്‍ അങ്ങട്ട് കൊടുത്തയക്കാം.'
'വേണ്ട, ഞാന്‍ വന്ന് മേടിച്ചോളാം.'
പാചകം കഴിഞ്ഞ് വാങ്ങിവെച്ച മുളകോഷ്യം അടച്ചുവെച്ച് പൂച്ച വരാതിരിക്കുവാനായി അടുക്കളയുടെ കതകുകള്‍ ചാരി പാന്റും ഷര്‍ട്ടും എടുത്തിട്ട് പ്രൊഫസര്‍ ബാലകൃഷ്ണന്, പ്രൊഫസര്‍ കര്‍ത്താവിന്റെ വീട്ടിലേക്ക് കാറോടിച്ചുപോയി. ബാലകൃഷ്ണനെ കണ്ടപ്പോള്‍ കര്‍ത്താവിന്റെ മുഖം വിളറി.
അയാള്‍ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് എന്ന് ബാലകൃഷ്ണനു മനസ്സിലായില്ല.
കര്‍ത്താവിന്റെ നെറ്റി അതിവേഗം പിറകോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ കണ്ടതിനേക്കാളും വലുതായിരിക്കുന്നു. പ്രായമായതോടെ അദ്ദേഹത്തിന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ചുരുങ്ങിവരികയാണെങ്കിലും നെറ്റി മാത്രം വികസിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം നെറ്റി തടവിക്കൊണ്ട് എന്ത് പറയണം എന്നറിയാതെ ബാലകൃഷ്ണന്റെ മുഖത്ത് നോക്കി.
'കര്‍ത്താവിനെന്താ ഇത്ര വിഷമം?'
'ഒന്നുംല്ല ബാലകൃഷ്ണാ.'
'മാസികയെവിടെ? ഒന്ന് കണ്ടോട്ടെ.'
സ്വീകരണമുറിയിലെ വട്ടമേശയിന്മേല്‍ കിടക്കുന്ന മാസികയെ കര്‍ത്താവ് ഇടംകണ്ണിട്ട് ഒന്നു നോക്കി. ഒന്നും പറയാതെ ബാലകൃഷ്ണന്‍ അകത്തേക്ക് ചെന്ന് മാസിക റാഞ്ചിയെടുത്തു.
'വേണ്ട പ്രൊഫസറെ. പ്രൊഫസര്‍ അത് കാണണ്ട.'
'എനിക്ക് എന്റെ മോളെ ഫോട്ടോ കാണാന്‍ പാടില്ലേ?'
കര്‍ത്താവ് കുടിനീരിറക്കി. ബാലകൃഷ്ണന് താന്‍ ഫോണ്‍ ചെയ്ത് വിവരം പറയരുതായിരുന്നു. ബാലകൃഷ്ണന്‍ അത് മറ്റാരില്‍നിന്നെങ്കിലും അറിഞ്ഞാല്‍ മതിയായിരുന്നു. കര്‍ത്താവ് എന്തു ചെയ്താലും അടുത്ത നിമിഷം അതില്‍ ഖേദിക്കും. സൗദാമിനിയുടെ കഴുത്തില്‍ താലികെട്ടി രണ്ടു ദിവസം കഴിയുമ്പോഴേക്കും അദ്ദേഹം അതില്‍ ഖേദിക്കുകയുണ്ടായി. ഖേദങ്ങള്‍ കര്‍ത്താവിന്റെ ആത്മകഥയിലെ വിരാമചിഹ്നങ്ങളാണ്.
ബാലകൃഷ്ണന്‍ ഫോട്ടോവില്‍ ഒന്ന് നോക്കിയതേയുള്ളൂ. അദ്ദേഹത്തിന് തലചുറ്റുന്നതായി തോന്നി. കുട്ടിക്കാലം ഒരു വെറും കൗതുകത്തിന്റെ പേരില്‍ വലിയമ്മാവന്റെ പ്രാചീനമായ ചെല്ലത്തില്‍നിന്ന് ഒരുതുണ്ട് പുകയില അടര്‍ത്തിയെടുത്ത് വായിലിട്ട് ചവയ്ക്കുകയുണ്ടായി. അപ്പോള്‍ തല കഴുത്തില്‍നിന്ന് ഊരി തിരിഞ്ഞു തിരിഞ്ഞ് ദൂരെ എങ്ങോട്ടോ പറന്നുപോകുന്നതുപോലെ ബാലകൃഷ്ണന് തോന്നുകയുണ്ടായി. ഇപ്പോള്‍ പുകയില തിന്നാതെതന്നെ തല കഴുത്തില്‍ കിടന്ന് കറങ്ങുകയാണ്.
'ഞാന്‍ പറഞ്ഞിരുന്നില്ലേ, പ്രൊഫസറ് അത് നോക്കരുതെന്ന്. ഏത് അച്ഛനാ അത് കണ്ടാല്‍ സഹിക്ക്യാ? ഏതായാലും എനിക്ക് ഇതൊന്നും കാണേണ്ടി
വരില്ല. മക്കള്‍ മൂന്നും ആണാ.'
പ്രൊഫസര്‍ ബാലകൃഷ്ണന് പ്രൊഫസര്‍ കര്‍ത്താവിന്റെ കരണക്കുറ്റിക്ക് ഒരു വീക്ക് വെച്ചുകൊടുക്കുവാന്‍ തോന്നി. സസ്യഭുക്കായ അദ്ദേഹം എന്നും ശാന്തനായിരുന്നു. എങ്കിലും ഈ നിമിഷം ഒരു നരഭോജിയിലെന്നപോലെ അദ്ദേഹത്തില്‍ ഹിംസ ഉണര്‍ന്നു. ഇപ്പോള്‍ ആരെങ്കിലും അദ്ദേഹത്തിന് പൊരിച്ച കോഴിയും ഫിഷ്മസാലയും വിളമ്പിക്കൊടുത്തിരുന്നെങ്കില്‍ ഒട്ടും സംശയിക്കാതെ അദ്ദേഹം അതെല്ലാം വാരിത്തിന്നുമായിരുന്നു. സസ്യാഹാരം മാത്രം കഴിച്ച് ആറു പതിറ്റാണ്ടുകാലം ജീവിച്ച ഒരു മനുഷ്യന്റെ മകള്‍ ചെയ്യേണ്ടതല്ല സുമിത്ര ചെയ്തിരിക്കുന്നത്. ഫോട്ടോവിന്റെ താഴെ സുമിത്രാ ബാലകൃഷ്ണന്‍ എന്ന് എഴുതിവെച്ചിരിക്കുന്നു. എന്തിന് തന്റെ പേര്? സുമിത്രാ ക്രിസ്റ്റീന്‍ കീലര്‍ എന്ന് എഴുതിവെച്ചാല്‍പോരായിരുന്നോ? ബാലകൃഷ്ണന്റെ യൗവനകാലത്ത് ബ്ലിറ്റ്‌സ് വാരികയുടെ അവസാന പെയ്ജിലാണ് ക്രിസ്റ്റീന്‍ കീലറുടെ ഫോട്ടോ അച്ചടിച്ചുവന്നത്. ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാന്‍ കാണുവാന്‍വേണ്ടിയായിരുന്നു ക്രിസ്റ്റീന്‍ കീലര്‍ സ്വിമ്മിങ്പൂളില്‍ പിറന്നപടി നീന്തിത്തുടിച്ചതത്രേ.
സുമിത്ര നില്ക്കുന്നതും ഒരു സ്വിമ്മിങ്പൂളിന്റെ കരയില്‍. ആരോ ആട്ടിയിറക്കിയതുപോലെ പ്രൊഫസര്‍ ബാലകൃഷ്ണന്‍ മാസിക ചുരുട്ടിപ്പിടിച്ച് പുറത്തിറങ്ങി. വെയിലിന് കഠിനമായ ചൂട്. എതോ ഒരു പിശാച് ഒരു തീച്ചീര്‍പ്പുകൊണ്ട് തന്റെ തല ചീകിത്തരുന്നതായി അദ്ദേഹത്തിനു തോന്നി. തന്റെ തലമുടി പെട്ടെന്ന് ചുട്ടുപൊള്ളുന്ന കമ്പികളായി മാറിയതായും ബാലകൃഷ്ണന് അനുഭവപ്പെട്ടു. ബിക്കിനി ധരിച്ചുനില്ക്കുന്ന മകളെ കാണുന്ന ഒരച്ഛന്റെ തലയില്‍ അങ്ങനെയുള്ള തോന്നലുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമത്രേ.
ഷിഫ്റ്റ് കഴിഞ്ഞുവന്ന ഹേമടീച്ചര്‍, ഭര്‍ത്താവ് കര്‍ത്താവിന്റെ വീട്ടില്‍ പോയത് അറിയാതെ പരിഭ്രമിച്ചു നില്ക്കുകയായിരുന്നു. ഉച്ചച്ചൂടില്‍ അവരുടെ തോളുകള്‍ വിയര്‍ത്തിരുന്നു. അടഞ്ഞ വാതിലിന് മുന്‍പില്‍ ഉമ്മറത്ത് നില്ക്കുന്ന ടീച്ചര്‍ക്ക് ആ നീറ്റലില്‍ അകത്തുനിന്നു വരുന്ന മുളകോഷ്യത്തിന്റെ പരിമളം ഒരു സാന്ത്വനമായിരുന്നു. ഒരു നല്ല വെപ്പുകാരനെ ഭര്‍ത്താവായി കിട്ടുവാനുള്ള ആഗ്രഹം വയസ്സറിയിച്ച നാള്‍മുതലേ ഹേമടീച്ചറില്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ മറ്റു പല ആഗ്രഹങ്ങളും സഫലമായില്ലെങ്കിലും ആ ഒരു ആഗ്രഹം ദൈവം നിറവേറ്റിത്തരുന്നു!
പട്ടാപ്പകലാണെങ്കിലും പ്രൊഫസര്‍ ബാലകൃഷ്ണന്റെ കാറിന്റെ ഹെഡ്‌ലൈറ്റുകള്‍ രണ്ടും ഓണായിരുന്നു.
'നിങ്ങള്‍ക്ക് നട്ടുച്ചയ്ക്കും കണ്ണുകാണാതേയായോ? ന്തിനാ ഈ പൊരിവെയിലത്ത് ലൈറ്റ്?'
'കുരുടനായി ജനിച്ചാല് മതിയായിരുന്നു. എന്നാല് ഇതൊന്നും കാണേണ്ടിവരില്ലായിരുന്നു.'
'കുരുടന്മാര്‍ക്കും കണ്ണ് കാണും. മ്മള് കാണുന്നതല്ല അവര് കാണുന്നത് എന്നു മാത്രം.'
അധ്യാപികയ്‌ക്കോ പ്രൊഫസര്‍ക്കോ കൂടുതല്‍ ലോകവിവരം? അധ്യാപികയ്ക്ക് എന്ന് ചിലപ്പോള്‍ ഹേമ ടീച്ചര്‍ തെളിയിക്കുന്നു. ബാലകൃഷ്ണന്‍ മുപ്പത്തിനാലു കൊല്ലം താന്‍ ചെയ്ത അധ്യാപകവൃത്തിയുടെ അന്തസ്സ് പാലിക്കാതെയാണ് പലപ്പോഴും സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഒരിക്കല്‍ ഹേമടീച്ചര്‍ അത് കളിയായി പറഞ്ഞപ്പോള്‍ ബാലകൃഷ്ണന്‍ കാര്യമായി പറഞ്ഞു:
'നിയ്യെന്നെ അടുക്കളേല് കെട്ടിയിട്ടതോടെ എന്റെ അന്തസ്സ് പോയി!'
പ്രൊഫ. ബാലകൃഷ്ണന്‍ ചാരുകസേരിയില്‍ ചെന്നു കിടക്കുകയും എഴുന്നേറ്റ് മുറ്റത്തിറങ്ങി നിന്ന് ആകാശത്തിലേക്ക് നോക്കുകയും കോലായില്‍ കയറി അരമതിലില്‍ ഇരിക്കുകയും മറ്റും ചെയ്തു. അപ്പോഴെല്ലാം അദ്ദേഹം മാസിക മുറുകെ പിടിച്ചിരുന്നു.
'ന്താ മാസികേല്? ഞാനും ഒന്നു കാണട്ടെ.'
ബാലകൃഷ്ണന്‍ ഫേഷന്‍ മാസികയുടെ മേയ് ലക്കം ഹേമ ടീച്ചറുടെ നേരേ നീട്ടി:
'ദാ കണ്ടോളൂ.'
ആ മാസിക ആരെയെങ്കിലും ഏല്പിക്കുവാനോ എവിടെയെങ്കിലും വെക്കുവാനോ അദ്ദേഹത്തിന് ധിറുതിയുള്ളതായി തോന്നി. കൈയില്‍ ഒട്ടിക്കിടക്കുന്ന മാസികയെ തെറിപ്പിക്കുവാനെന്നവണ്ണം അദ്ദേഹം കൈയൊന്നു കുടഞ്ഞു.
'സ്‌കൂളില് ചെന്ന് ടീച്ചേഴ്‌സ് റൂമിലും ലൈബ്രറിയിലും ഇരിക്കുന്ന എല്ലാവര്‍ക്കും കാണിച്ചുകൊടുക്ക്. ആ കോങ്കണ്ണന്‍ ഹെഡ്മാസ്റ്ററെ മറക്കണ്ട. അയാളും നന്നായി കാണട്ടെ.'
ഹേമ ടീച്ചര്‍ മാസിക വാങ്ങി അതിന്റെ കവറില്‍ ഒന്ന് കണ്ണോടിച്ചു. അതിനുശേഷം അവര്‍ താളുകള്‍ ഒന്നൊന്നായി മറിച്ചുനോക്കി. ഒരു പേജില്‍ എത്തിയപ്പോള്‍ കൈവിരല്‍ നിശ്ചലമായി. അവരുടെ ഉടലാകെ അനക്കമറ്റുനിന്നു. പിന്നീട് അവരുടെ ദേഹത്ത് എവിടെയോ ഒരു ഞെട്ടലുണ്ടാവുകയും അവരുടെ വീര്‍ത്ത നിതംബം ചാരുകസേരയുടെ കൈയിന്മേലേക്ക് താഴുകയും ചെയ്തു.
പ്രൊഫ. ബാലകൃഷ്ണന്‍ ചാരുകസേരയില്‍ കിടന്നും ഹേമടീച്ചര്‍ അതിന്റെ കൈയിന്മേല്‍ ഇരുന്നും ആലോചനകളില്‍ മുഴുകി. അവരുടെ ചിന്തയില്‍ അവരുടെ ഏക മകള്‍ സുമിത്ര നിറഞ്ഞുനിന്നു. അവര് പരസ്പരം ഒന്നും ഉരിയാടിയില്ലെങ്കിലും അവരുടെ ചിന്തകള്‍ എതിര്‍ദിശകളില്‍നിന്നു വരുന്ന ഉറുമ്പുകളുടെ അണികള്‍പോലെ പരസ്പരം മുഖംമുട്ടിച്ച് കടന്നുപോയി. ദേശീയതലത്തില്‍ നടന്ന പ്രവേശനപരീക്ഷയിലൂടെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ സുമിത്രയ്ക്ക് സീറ്റ് കിട്ടിയപ്പോള്‍ കുടുംബക്കാരും ബന്ധുക്കളും നേരിട്ടും ഫോണിലൂടെയും അനുമോദിച്ചപ്പോള്‍ ബാലകൃഷ്ണനും ഹേമ ടീച്ചര്‍ക്കും തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു. അവര്‍ ഓര്‍ത്തു: സുമിത്രയ്ക്ക് എന്നും ഡിസൈനിങ്ങില്‍ ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്നു.
'ന്നാലും ദല്‍ഹീല് മ്മളെ മോള് തനിച്ച് താമസിക്കണ്ടേ?'
'ഒന്നും രണ്ടും അല്ല. നാലഞ്ച് കൊല്ലം...'
'കുട്ടികള്‍ അച്ഛനേം അമ്മയേം പിരിഞ്ഞ് താമസിക്കണം. എങ്കിലേ അവര്‍ക്ക് ആത്മവിശ്വാസം വരൂ.'
'പക്ഷേങ്കില് സുമിത്ര പെങ്കുട്ടിയാ.'
'ഇപ്പോ ആങ്കുട്ട്യേളേക്കാള്‍ ഉഷാറ് പെങ്കുട്ട്യേള്‍ക്കാം.'
പ്രൊഫസര്‍ പറഞ്ഞു.
അങ്ങനെയാണ് പതിനെട്ടാംവയസ്സില്‍ സുമിത്ര നഗരത്തിലേക്ക് വണ്ടി കയറിയതും ഹോസ്റ്റലില്‍ താമസിക്കുവാന്‍ തുടങ്ങിയതും. അച്ഛനും അമ്മയും മാറിമാറി പണം അയച്ചപ്പോള്‍ അവള്‍ എഴുതി: ഇങ്ങനെ എപ്പോഴും എനിക്ക് പണം അയയ്ക്കരുത്. ആവശ്യത്തിനുള്ള പൈസ ഞാന്‍ സ്വയം സമ്പാദിച്ചുകൊള്ളാം. സ്വന്തം കാലില്‍ നില്ക്കുന്നതാണ് എനിക്ക് ഇഷ്ടം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന നിനക്ക് എങ്ങനെ ഒരു വരുമാനം ഉണ്ടാകും എന്ന് അച്ഛനും അമ്മയും ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ട്‌ടൈം സെയില്‍സ് ഗേളാകാം. ഏതെങ്കിലും ടി.വി കമ്പനിക്കോ മിക്‌സി കമ്പനിക്കോവേണ്ടി വീടുതോറും കയറിയിറങ്ങി മാര്‍ക്കറ്റ് സര്‍വേ നടത്താം. പിന്നെ അച്ഛാ, വേറൊരു എളുപ്പവഴിയുണ്ട്. തിലക് മാര്‍ഗിലെ കോളേജ് ഓഫ് ആര്‍ട്ടില്‍ ചെന്ന് കുട്ടികള്‍ക്ക് വരച്ചു പഠിക്കുവാന്‍വേണ്ടി കുപ്പായമിടാതെ ഇരുന്നുകൊടുക്കാം...
ആലോചനയില്‍നിന്ന് ആദ്യം ഞെട്ടിയുണര്‍ന്നത് ഹേമ ടീച്ചറാണ്. ഒരു ദുഃസ്വപ്‌നം കണ്ട ഭാവമായിരുന്നു അവരുടെ മുഖത്ത്. ഉറക്കം മാത്രമല്ല, ജീവിതമാകെ ഒരു ദുഃസ്വപ്‌നമായി മാറുമോ എന്ന വേവലാതി അവരില്‍ കാണാമായിരുന്നു.
'നമ്മക്ക് ഈ മാസിക കീറിക്കളയാം.'
'അതുകൊണ്ട് എന്ത് ഫലം? രാജ്യത്തെ മുഴുവന്‍ കോപ്പികളും നശിപ്പിക്കാന്‍ നിനക്ക് കഴിയ്യ്യോ?'
പാവാടയുടെ നീളം രണ്ടിഞ്ച് കുറഞ്ഞുപോയാല്‍ അതുടുത്ത് സ്‌കൂളില്‍ പോകുവാന്‍ ഹേമയ്ക്ക് മടിയായിരുന്നു. ആ ഹേമയുടെ മകളാണ് ഉടല്‍ മുഴുവനും കാണിച്ച് ലോകത്തിന്റെ മുന്‍പില്‍ നില്ക്കുന്നത്. ഉടുതുണിയുടെ അഭാവം മാത്രമല്ല, ഇതാ കണ്ടുകൊള്ളൂ എന്ന സുമിത്രയുടെ ആ നില്പും ഭാവവുമാണ് ടീച്ചറെ കൂടുതല്‍ അസ്വസ്ഥയാക്കിയത്.
'രാത്രി പെണ്ണിന് ഫോണ്‍ ചെയ്യണം. കരണക്കുറ്റിക്ക് ഒരു വീക്ക് വെച്ചുകൊടുക്കണം.'
'ഹേമേ, ഫോണിലൂടെ എങ്ങനെയാ കരണക്കുറ്റിക്ക് വീക്ക് വെച്ചുകൊടുക്കുക?' ചിരിക്കുവാന്‍ ഒട്ടും ആഗ്രഹമില്ലെങ്കിലും പ്രൊഫ. ബാലകൃഷ്ണന്‍ പതുക്കെ ഒന്ന് ചിരിച്ചു.
'മ്മക്ക് ഒരു കാര്യം ചെയ്യാം. അത് സുമിത്രയല്ല എന്ന് എല്ലാവരോടും പറയാം. കേമറ ട്രിക്കാന്ന് പറയാം.'
'നിഫ്റ്റ് ഫൈനല്‍ ഇയര്‍ സ്റ്റുഡന്റ് സുമിത്രാ ബാലകൃഷ്ണന്‍. അങ്ങനെയല്ലേ ഫോട്ടോവിന് കീഴേയുള്ളത്? അതും കേമറ ട്രിക്കാണോ?'
വീട്ടിനു മുന്നില്‍ നിരത്തിലൂടെ കടന്നുപോകുന്നവര്‍ ഇങ്ങോട്ട് നോക്കി അടക്കംപറഞ്ഞ് ചിരിക്കുന്നതായി അവര്‍ക്ക് തോന്നി. നാട്ടുകാരുടെ കാഴ്ചവട്ടത്തില്‍ ഇരുന്നുകൊടുക്കുവാന്‍ അവര്‍ക്ക് മടി തോന്നി. അവര്‍ കോലായില്‍നിന്ന് എഴുന്നേറ്റ് കിടപ്പുമുറിയിലേക്ക് ചെന്നു.
കടഞ്ഞെടുത്ത കാലുകളും മേല്‍ക്കട്ടിയുമുള്ള ഈ വീട്ടിക്കട്ടിലില്‍ കിടന്നാണ് ഹേമ ടീച്ചര്‍ സുമിത്രയെ പ്രസവിച്ചത്. നനുത്ത ചര്‍മവും സില്‍ക്കുപോലുള്ള തലമുടിയുമുള്ള ഒരു കുഞ്ഞായിരുന്നു അവള്‍.
'വിഷമിക്കരുത് ഹേമേ. എല്ലാറ്റിനും ഒരു പോംവഴിയുണ്ട്.'
'റിട്ടയറായ നിങ്ങള്‍ക്ക് വീട്ടിലിരുന്നാല്‍ മതി. എന്റെ കഥ അതാണോ? എങ്ങനേയാ സ്‌കൂളില്‍ പോയി ടീച്ചര്‍മാരുടേം മാഷ്മ്മാരുടേം മുഖത്ത് നോക്കുക? ന്റെ കുട്ട്യേളോട് ഞാനെന്താ പറയ്യ്ാ? ഞാനിന്ന് സ്‌കൂളില് പോകുന്നില്ല...'
ഹേമ ടീച്ചര്‍ ചുമരിന് നേരേ തിരിഞ്ഞുകിടന്ന് കരയുവാന്‍ തുടങ്ങി.
സന്ധ്യക്ക് ടീച്ചര്‍ ഉമ്മറത്ത് വിളക്ക് കത്തിച്ചുവെക്കുമ്പോള്‍ ബാലകൃഷ്ണന്‍ പറഞ്ഞു: 'ദല്‍ഹീലെ താമസോം പഠിപ്പും മതി. സുമിത്ര തിരിച്ചുവരട്ടെ. ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു.'
'മ്മള് പറഞ്ഞാല് അവള് വര്വോ?'
'വന്നില്ലെങ്കില് അവളെ കാല് ഞാന്‍ തല്ലിയൊടിക്കും.'
ഹേമ ടീച്ചര്‍ ബാലകൃഷ്ണന്റെ മുഖത്ത് നോക്കിയപ്പോള്‍ സ്വന്തം വാക്കുകളില്‍ സംശയം തോന്നിയ അദ്ദേഹം മുഖം തിരിച്ച് മറ്റെവിടെയോ നോക്കി. അടുത്ത നിമിഷം ബോധപൂര്‍വം അദ്ദേഹം തന്നിലെ സന്ദേഹത്തെ തുടച്ചുനീക്കി ഗൗരവഭാവം കൈക്കൊണ്ടു.
രാത്രി വൈകി ഫോണ്‍ ചെയ്താല്‍ മാത്രമേ സുമിത്രയെ കിട്ടുകയുള്ളൂ. ഏതെങ്കിലും പെണ്ണോ പയ്യനോ ഫോണെടുത്ത് കാത്തുനില്ക്കാന്‍ പറയും. റസീവര്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അവള്‍ ലൈനില്‍ വന്നത്. അപ്പോഴേക്കും ബാലകൃഷ്ണന്റെ റസീവര്‍ പിടിച്ച കൈ കുഴയുവാന്‍ തുടങ്ങിയിരുന്നു. ഫോണ്‍ ബില്‍ കുതിച്ചുകയറുകയും .
'അമ്മയുണ്ടോ അച്ഛാ അടുത്ത്?'
'ഉണ്ട്.'
'അമ്മയെ കാണാന്‍ കൊതിയായി എനിക്ക്. അമ്മക്ക് എത്ര ലീവുണ്ട്?...'
'നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു രണ്ട് ദിവസത്തേക്ക് എന്നെ കാണാന്‍ വന്നൂടെ!'
'അതിന് അങ്ങട് വരണോ? ഇവിടെ ഇരുന്നോണ്ടുതന്നെ എല്ലാവരും നിന്നെ കാണുന്നുണ്ടല്ലോ. ന്നാലും നിനക്കെങ്ങിനെ ഇതിന് മനസ്സ് വന്നു മോളേ?'
ഫോണിന്റെ മറ്റേ അറ്റത്ത് പെട്ടെന്ന് നിശ്ശബ്ദത പരന്നു.
'തറവാട്ടില് പിറന്ന കുട്ട്യാ നിയ്യ്, ഇന്നുവരെ ഈ കുടുംബത്തില് ഒരാണും പെണ്ണും ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ല. ഇതിനുവേണ്ടിയാ ഞാന്‍ നിന്നെ ഡല്‍ഹീല് പറഞ്ഞയച്ചത്?'
ഫോണിലൂടെ സുമിത്ര ചിരിക്കുന്നതായി അവര്‍ക്ക് തോന്നി.
'നിനക്ക് ചിരി, അച്ഛന്റേം അമ്മേന്റേം മനസ്സില് തിയ്യാ.'
സുമിത്രയുടെ ചിരി പെട്ടെന്ന് നിന്നു. ചുമരിന്റെ മൂലയില്‍ വെച്ചിരുന്ന ഫോണിന്മേല്‍ വെളിച്ചം കുറവായിരുന്നു. ആ മങ്ങിയ ഇരുട്ടില്‍ ഫോണിന്മേല്‍ കയറുവാന്‍ സംശയിച്ചുനില്ക്കുന്ന ഒരു വലിയ പല്ലിയുടെ തിളങ്ങുന്ന ചെറിയ പച്ചക്കണ്ണുകള്‍ ബാലകൃഷ്ണന്റെ മുഖത്ത് തറച്ചുനിന്നു. വീട് നിറയെ പല്ലികളാണ് ഇപ്പോള്‍.
'അച്ഛന്‍ ഫേഷന്‍ മാഗസിനില്‍ വന്ന ന്റെ ഫോട്ടോ കണ്ടു, അല്ലേ അച്ഛാ?'
'നാട്ടുകാര്‍ മുഴ്വനും കണ്ടു. എനിക്ക് മാസിക തന്നത് പ്രൊഫ. കര്‍ത്താവാ. എന്റെ തൊലി ഉരിഞ്ഞുപോയി...'
'അച്ഛന്‍ കേള്‍ക്ക്. ആ ഫോട്ടോ കണ്ട് എത്രയാളുകളാ എന്നെ അനുമോദിച്ചത്... എത്ര ഫോണ്‍ കോളുകളാ എനിക്ക് കിട്ടിയത്.. അച്ഛനറിയ്യ്യോ, ന്റെ സ്റ്റാറ്റിസ്റ്റിക്‌സ് മിസ് ഇന്ത്യ ഏഷ്യാ പസിഫിക്കിന്റേതാ. ന്റെ ഈ ഫിഗര്‍ ലോകത്തെ കാണിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട് അച്ഛാ...'
'എന്ത് ഭ്രാന്താ നീയ്യ് പറയുന്നത്? എനിക്കൊന്നും കേള്‍ക്കണ്ട...'
ബാലകൃഷ്ണന്‍ ഫോണ്‍ ടീച്ചറുടെ കൈയില്‍ കൊടുത്തു. റസീവറിന്റെ അറ്റം ചെവിയിലേക്ക് അടുപ്പിക്കുവാന്‍ ടീച്ചര്‍ ഭയപ്പെടുന്നതുപോലെ തോന്നി.
ഇത്രയും നേരം സംശയിച്ചുനിന്ന ഗര്‍ഭിണിയായ പല്ലി ഫോണിന്മേലേക്ക് പെട്ടെന്ന് എടുത്തുചാടുകയും ഫോണ്‍ ഡിസ്‌കണക്ടഡ് ആകുകയും ചെയ്തു. ഫോണില്‍ ടീച്ചര്‍ കേട്ടത് ദൂരെന്നിന്നു വരുന്ന മൗനത്തിന്റെ മുഴക്കം മാത്രമായിരുന്നു.
(നഗരവും സ്ത്രീയും എന്ന കഥാസമാഹാരത്തില്‍ നിന്ന്)
No comments:
Post a Comment